2018, ഫെബ്രുവരി 28, ബുധനാഴ്‌ച

ബോഡോ ഭൂമിയിലെ നിലയ്ക്കാതൊഴുകുന്ന രക്തപ്പുഴ


========================================================

‘അവരെ പുറത്താക്കുക’ -ഇതാണ് അസമിലെ ബോഡോ ആദിവാസി വിഭാഗത്തിന്റെ മുദ്രാവാക്യം. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്ന ബോഡോകളല്ലാത്ത കുടിയേറ്റക്കാരാണ് ഈ ‘അവര്‍’. തങ്ങളുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം കുടിയേറ്റക്കാരാണെന്ന് ബോഡോ വംശജര്‍ വിശ്വസിക്കുന്നു. മൂന്നു പതിറ്റാണ്ടിലധികം പഴകുന്ന ആ വിശ്വാസത്തെ തകര്‍ത്ത് സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ഇന്നോളം കഴിഞ്ഞിട്ടില്ല. ഏറ്റവുമൊടുവില്‍ അന്‍പതിലധികം ആളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ക്ക് വീടുവിട്ട് കൂട്ടപ്പലായനം ചെയ്യേണ്ടി വരികയും ചെയ്ത ബോഡോ-മുസ്ലീം വംശീയകലാപം മതേതര ഇന്ത്യയ്‌ക്കേറ്റ കരണത്തടി തന്നെയാണ്. നിര്‍ത്താതെ ബോഡോ ഭൂമിയില്‍ നിന്നും ഒഴുകുന്ന രക്തപ്പുഴയ്ക്ക് വലിപ്പം കൂടുന്നു.



അസമിലെ കൊക്രജാര്‍ ജില്ലയിലാരംഭിച്ച് സമീപ ജില്ലകളിലേക്ക് രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ പടര്‍ന്നു. ഇതില്‍ കൊക്രജാര്‍, ചിരാഗ്, ബാസ്‌ക ജില്ലകള്‍ ബോഡോ മേഖലകളായിരുന്നു. എന്നാല്‍ ഏകദേശം മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പ് ബംഗ്ലദേശ് മുസ്ലീങ്ങളുള്‍പ്പെടെ ബോഡോകളല്ലാത്ത മറ്റു കുടിയേറ്റക്കാര്‍ ഇവിടെയെത്തിയതോടെ പ്രദേശം അക്രമങ്ങളാല്‍ അസ്ഥിരപ്പെട്ടു തുടങ്ങി. കലാപങ്ങള്‍ ആവര്‍ത്തിച്ചു, ഇത്തവണ സ്ഥിതിഗതികള്‍ കൈവിട്ടുപോയി.





ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഉത്തരവാദിത്തം അന്യോന്യം തോളില്‍ ചാരാനുള്ള കേന്ദ്ര-സംസ്ഥാന ശ്രമങ്ങള്‍ കലാപങ്ങള്‍ പോലെ ആവര്‍ത്തിച്ചു.



അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറയുന്നത്- ‘കലാപത്തിന്റെ ആദ്യദിനം മുതല്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടായിരുന്നു, പക്ഷെ അവരെത്തിയപ്പോഴേക്കും വന്‍ദുരന്തമാണ് ഉണ്ടായത്. ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല’



കനത്ത മഴയുള്‍പ്പെടെ പ്രതികൂല കാലാവസ്ഥയാണ് സേനയെത്താന്‍ വൈകിയതെന്നാണ് കേന്ദ്രഭാഷ്യം. വൈകിയാണെങ്കിലും പ്രശ്‌നത്തിന്റെ തീവ്രത കണക്കിലെടുത്ത് സമാധാന പുന:സ്ഥാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഏഴായിരത്തോളം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.



‘ഇത് മുറിവുകള്‍ ഉണക്കേണ്ട നേരമാണ്. നിങ്ങളുടെ വിഷമങ്ങള്‍ മനസിലാക്കുന്നു. സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളുമുണ്ടാകും’- കലാപഭൂമി സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആശ്വാസ വാക്കുകള്‍. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, ആഭ്യന്തരമന്ത്രി പി ചിദംബരവും ഉള്‍പ്പെടെയുള്ളവര്‍ കലാപഭൂമി സന്ദര്‍ശിച്ചതെന്നു പ്രത്യാശിക്കുകയാണ് കലാപം ഉലച്ച നിസ്സഹായ മുഖങ്ങള്‍. 300 കോടി രൂപ കേന്ദ്രം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 100 കോടി അടിയന്തര ദുരിതാശ്വാസമായും 100 കോടി പ്രത്യേക വികസന പദ്ധതിയായുമാണ് അനുവദിച്ചിരിക്കുന്നത്. ഭവന പുന:നിര്‍മ്മാണത്തിനാണ് ശേഷിച്ച 100 കോടി. ഇത് വിനിയോഗിക്കുന്നതിലെ ക്രമക്കേടുകള്‍ ഇനി വാര്‍ത്തയാകുമോയെന്നതാണ് ആശങ്ക.





മന്ത്രിമാരുടെ സന്ദര്‍ശനശേഷം ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രൂരമായ അനിശ്ചിതത്വങ്ങളിലേക്ക് തന്നെ മടങ്ങുമെന്നതാണ്് യാഥാര്‍ത്ഥ്യം. ലക്ഷക്കണക്കിനാളുകള്‍ കഴിയുന്ന ക്യാമ്പുകളില്‍ പലതിലും മതിയായ ഭക്ഷണമോ മരുന്നോയില്ല. പ്രദേശത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയില്ലാത്തതാണ് കലാപങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.



വികസനത്തില്‍ പിന്നോക്കമാണ് ബോഡോ മേഖല, അതുകൊണ്ടു കൂടിയാണ് പരിമിതമായ വിഭവങ്ങള്‍ പങ്കിടേണ്ടിവരുന്ന ഭിന്ന വംശങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാകുന്നതും. അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സമയബന്ധിതമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട കാലം അതിക്രമിക്കുകയാണ്- കലാപങ്ങളുണ്ടാകുമ്പോള്‍ ‘നിങ്ങളുടെ വേദന ഞങ്ങളുടേതുമാണ്’ എന്ന ആശ്വാസ വാക്കിന് വലിയ ആഴമൊന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ