2011, മേയ് 25, ബുധനാഴ്‌ച

കിടപ്പാടം വിറ്റ് 40 ലക്ഷം മകന്‍ കൈക്കലാക്കി; അമ്മയും സഹോദരിയും അഗതിമന്ദിരത്തില്‍


Posted on: 26 May 2011

ഒല്ലൂര്‍: രോഗിയായ അമ്മയെ തെറ്റിദ്ധരിപ്പിച്ച് കിടപ്പാടം വിറ്റ് 40 ലക്ഷം രൂപ കൈക്കലാക്കിയ യുവാവ് അമ്മയെയും മാനസികാരോഗ്യമില്ലാത്ത സഹോദരിയെയും ഉപേക്ഷിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയുടെ ഫാമിലെ റിട്ടയേര്‍ഡ് ജീവനക്കാരി പള്ളിപ്പറമ്പില്‍ പരേതനായ ബെന്നിയുടെ ഭാര്യ സാറാമ്മയും (75) മകള്‍ ഓമന(40)യുമാണ് ഒടുവില്‍ നടത്തറ ആശ്രയഭവനിലെത്തിയത്.

സാറാമ്മയ്ക്ക് മാസംതോറും പെന്‍ഷന്‍ വാങ്ങാനുള്ള പാസ് ബുക്ക് പോലും മകന്‍ കയ്യടക്കി.

മണ്ണുത്തി ഹോളി ഫാമിലി സ്‌കൂളിനടുത്തെ സാറാമ്മയുടെ പേരിലുള്ള ആറരസെന്‍റ് സ്ഥലവും വീടുമാണ് മൂത്തമകന്‍ ബാബു തന്ത്രപൂര്‍വം അമ്മയുടെ ഒപ്പുവാങ്ങി പൊന്നുംവിലയ്ക്കു വിറ്റത്. രണ്ടുമാസംമുമ്പായിരുന്നു ഇത്. ബാബുവിനൊപ്പമായിരുന്നു സാറാമ്മയും മകളും താമസിച്ചിരുന്നത്. വീട് കച്ചവടം നടന്നതിനു തൊട്ടുപിന്നാലെത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റുകയാണെന്നു പറഞ്ഞ് സാറാമ്മയുടെ കട്ടിലും മറ്റു സാമഗ്രികളും മകന്‍ കടത്തിക്കൊണ്ടുപോയി. എന്നാല്‍, വില്പന നടത്തിയ വീട്ടില്‍, തന്നെയും സുഖമില്ലാത്ത മകളെയും തനിച്ചാക്കി പോയ മകന്‍, പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് സാറാമ്മ പരാതിപ്പെടുന്നു.
വീണതിനെത്തുടര്‍ന്ന് ശാരീരികാസ്വസ്ഥതയില്‍ കഴിയുന്ന സാറാമ്മയെയും മകളെയും അയല്‍ക്കാര്‍ ആസ്പത്രിയിലെത്തച്ചു. ഇവിടെനിന്ന് പോകാറായപ്പോഴും മകനെത്തിയില്ല. വിവരമറിയിച്ചെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ മനസ്സുകാണിച്ചില്ല. തുടര്‍ന്ന് ആസ്പത്രിയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇടപെട്ടാണ് നടത്തറയിലെ അഗതിമന്ദിരത്തിലെത്തിച്ചത്. ഇവിടെയെത്തിയ സാറാമ്മയ്ക്ക് അസുഖം കൂടിയതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലാക്കിയിരുന്നു.
കഴിഞ്ഞദിവസമാണ് രോഗം ഭേദമായി ആശ്രയഭവനിലെത്തിയത്. സാറാമ്മയുടെ വിവരങ്ങള്‍ തിരക്കാനെന്ന പേരില്‍ ഒരുവട്ടം ഇവിടെയെത്തിയ മകന്‍ ബാബു അമ്മയെയും സഹോദരിയെയും കൊണ്ടുപോകാന്‍ തയ്യാറായില്ലത്രെ. ബാബുവിനെ കൂടാതെ സാറാമ്മയ്ക്ക് മറ്റൊരു മകനുണ്ട്. ഇയാള്‍ അവിവാഹിതനാണ്. വീട്ടില്‍ മകനും മരുമകളും സാറാമ്മയെയും മകളെയും ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

തനിക്കും മറ്റു മക്കള്‍ക്കും തുല്യമായി ലഭിക്കേണ്ട കുടുംബസ്വത്ത് മകന്‍ അപഹരിച്ചതിനെക്കുറിച്ചും തന്നെയും മകളെയും പെരുവഴിയിലാക്കിയതിനെക്കുറിച്ചും പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഐജി ബി. സന്ധ്യ, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാറാമ്മയുടെ മൊഴിയെടുക്കാനും മറ്റു വിവരങ്ങള്‍ ആരായാനും ആശ്രയഭവനില്‍ അന്വേഷണത്തിനായി ബുധനാഴ്ച ഉദ്യോഗസ്ഥരെത്തി.

നമ്മുടെ നാടു എങ്ങോട്ടാണ് പോകുന്നത് ?. എല്ലാ നന്മയും നഷ്ടപ്പെടുന്നുവോ ?
മാതാവിനോടുള്ള കടപ്പടിനെപ്പറ്റി വിശുദ്ധ ഖുറാന്‍ പറയുന്നത് എത്ര പ്രസക്തം ???  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ